Sunday, February 13, 2011

ആരടാ, ഈ ടോമി ? - ചാള്‍സ് ബുകൊവ്സ്കി


രണ്ടാഴ്ചയോളം ന്യൂയോര്‍ക്കില്‍ നിന്നുള്ള

ഒരു ഇരുപത്തിനാലുകാരിയുമായി

ഞാന്‍ ചുറ്റിക്കളിയിലായിരുന്നു-

തോട്ടിസമരം

നടന്നോണ്ടിരുന്നപ്പോള്‍.

അതിനിടയിലൊരു രാത്രിയില്‍

എന്‍റെ മുപ്പത്തിനാലുകാരി പെണ്ണുമ്പിള്ള

കയറി വരുന്നു,

അവള്‍ പറഞ്ഞു, “എനിക്കെന്റെ

എതിരാളിയെ കാണണം”

കാണുകേം ചെയ്തു.

“ഓ,നീയൊരു കൊച്ചുസുന്ദരിയാണല്ലോ”

പിന്നെ ഞാന്‍ കാണുന്നത്

കാട്ടുപൂച്ചകളുടെ ഉച്ചത്തിലുള്ള കാറലുകളാണ്

-എന്റമ്മോ, എന്തോരമറലും എന്തൊരു മാന്തിക്കീറലും,

മുറിവേറ്റ മൃഗങ്ങളുടെ

കരച്ചില്‍ ,

രക്തം ,മൂത്രം...

ഞാന്‍ ഫുള്‍വെള്ളത്തിലായിരുന്നു,

ട്രൌസര്‍ മാത്രമാണിട്ടിട്ടുള്ളത്. .

ഞാനൊന്നെടക്ക് കേറി

വേര്‍പെടുത്താന്‍ നോക്കി

നിലത്ത് വീണു , മുട്ടുളുക്കി .

പിന്നെയവറ്റ മറവാതിലും

കടന്നു നടവഴിയിലേക്കും

പിന്നെ തെരുവിലുമെത്തി.

നിറച്ചു പോലീസുകാരുമായി

പോലീസ്‌വണ്ടിയെത്തി .മോളില്‍

പോലിസ്‌ ഹെലികോപ്ടര്‍ വട്ടം ചുറ്റി.

ഞാന്‍ കുളിമുറിയില്‍

കണ്ണാടിയില്‍ നോക്കി പല്ലിളിച്ചു :


അന്‍പത്തഞ്ചാം വയസ്സില്‍ ഇത്ര

മനോഹരമായ സംഭവങ്ങള്‍

നടക്കുന്നത്

സര്‍വ സാധാരണ മല്ല.

വാട്ട്സ് കലാപത്തിനേക്കാള്‍ കേമം!

മുപ്പത്തിനാല് വയസ്സുകാരി

തിരിച്ചുള്ളില്‍ വന്നു.

അവളുടെ മേലാകെ

മൂത്രം,വസ്ത്രങ്ങളൊക്കെ

കീറിപ്പറിഞ്ഞ്.കൂടെ

രണ്ടു പോലീസുകാരും.അവര്‍ക്ക്

എന്താണ് നടന്നതെന്നറിയണം .

ട്രൌസറൊന്ന് വലിച്ചു കേറ്റി

ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു .

[ചാള്‍സ് ബുകൊവ്സ്കി [1920-1994] ജര്‍മന്‍വംശജനായ അമേരിക്കന്‍ കവിയും നോവലിസ്റ്റും ]


·

No comments: