Wednesday, February 16, 2011

ഇനിയെന്ത്?-കാര്‍ലോസ് ദ്രുമോന്‍

വിവര്‍ത്തനം:സി.ആര്‍.പരമേശ്വരന്‍


പാര്‍ട്ടി തീര്‍ന്നു,

വിളക്കുകളണഞ്ഞു ,

ആള്‍ക്കൂട്ടവും പിരിഞ്ഞു,

,രാവിനു തണുപ്പായി,

ഇനിയെന്ത് ,ജോസ് ?

ഇനിയെന്ത് ചെയ്യും നീ?

നീ പേരില്ലാത്തവന്‍ ,

,അന്യരെ ഹസിപ്പോന്‍,

കവിതയെഴുതുന്നോന്‍ നീ,

സ്നേഹിപ്പോന്‍,പ്രതിഷേധിപ്പോന്‍.

ഇനിയെന്ത് ,ജോസ്?

ഭാര്യയില്ല നിനക്ക്

വാക്കുകളില്ല നിനക്ക്

വാല്‍സല്യം കിട്ടാനില്ല,

മദ്യപിക്കാനാവില്ല ,

പുകവലിക്കാനാകില്ല

നിനക്കൊന്നു തുപ്പാന്‍ പോലുമാകില്ല.,

രാവിനു തണപ്പേറുന്നു ,

പകലിനിയും വന്നില്ല

വണ്ടി വന്നില്ല

ചിരി വന്നില്ല

ഉട്ടോപ്യ വന്നില്ല

എല്ലാം കഴിഞ്ഞു

എല്ലാം മണ്ടിക്കഴിഞ്ഞു

എല്ലാം ചീഞ്ഞു കഴിഞ്ഞു.

ഇനിയെന്ത് ജോസ്?

ഇനിയെന്ത് ജോസ് ?

നിന്‍റെ പഞ്ചാരവാക്കുകള്‍

നിന്‍റെ ജ്വരാര്‍ത്തമായ വെമ്പല്‍ ,

വിരുന്നുകളില്‍ ആമോദിച്ചത് ,

നീ പട്ടിണി കിടന്നത് ,

നിന്‍റെ വായനശാല ,

നിന്‍റെ സ്വര്‍ണഖനി ,

നിന്‍റെ ചില്ല് കുപ്പായം,

നിന്‍റെ അസംബന്ധം,

നിന്‍റെ വെറുപ്പ്‌-ഇനി എന്ത്?

കയ്യില്‍ താക്കോലുണ്ട് ,

നിനക്ക് വാതില്‍ തുറക്കണമെന്നുണ്ട്,

പക്ഷെ അതിനു വാതിലൊന്നുമില്ലല്ലോ.

നിനക്ക് മരണം അലകടലില്‍ വേണമെന്നുണ്ടായിരുന്നു,

പക്ഷെ കടലൊക്കെ വറ്റിപ്പോയല്ലൊ;

നിനക്ക് മിനാസില്‍ പോണമെന്നുണ്ട്.

അതിനിപ്പോള്‍ മിനാസ് നിലവിലില്ലല്ലോ.

ജോസ്,ഇനിയെന്ത്‌ ?

നീ അലമുറയിട്ടാല്‍,

നീ ഞരങ്ങിയാല്‍, നീ ഒരു

വിയന്നീസ് യുഗ്മഗീതം പാടിയാല്‍,

നീ ഉറങ്ങിയാല്‍,

നീ തളര്‍ന്നാല്‍,

നീ മരിച്ചാല്‍-

പക്ഷെ നീ മരിക്കില്ലല്ലോ ,

നീയൊരു നിര്‍ബന്ധബുദ്ധി ,ജോസ്!

ഇരുട്ടില്‍ തനിയെ,

ഒരു വന്യമൃഗത്തെ പോലെ,

വംശാവലിയിലില്ലാതെ,

ചരിനില്‍ക്കാന്‍

ഒരു ചുമരില്ലാതെ ,

ജൈത്രയാത്രക്കായി

പായുന്ന

കറുത്ത കുതിരയില്ലാതെ,

നീ ഒറ്റക്ക് മാര്‍ച്ച് ചെയ്യുന്നു,ജോസ്!

എവിടേക്കാണ് ,ജോസ് ?

[പോര്‍ത്തുഗിസ് ഭാഷയിലെഴുതിയിരുന്ന കാര്‍ലോസ് ദ്രുമോന്‍ ആന്ദ്രേ(1902-1987) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രസീലിയന്‍ കവികളില്‍ ഒരാളാണ് .]


No comments: