Monday, February 28, 2011

പിണറായി മുതല്‍ പിണറായി വരെ....

അഭിമുഖം : ഫേസ്ബുക്ക് മലയാളനാട് ഗ്രൂപ്പ് )

ആധുനിക കേരളത്തിന്റെ രൂപീകരണത്തിലും പില്‍ക്കാല കേരളത്തിന്റെ വികാസത്തിലും നിര്‍ണ്ണായകമായ പങ്ക് വഹിച്ച കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ എന്താണ്‌?

ഒരു ഇടത് പക്ഷത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമായിരിക്കേണ്ടത് അതിന്റെ തെറ്റ് പറ്റാത്ത ‘leftism’ തന്നെ ആണ് .ഇടതുപക്ഷം എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ പ്രസ്ഥാനം അടിസ്ഥാനവര്‍ഗത്തെ ഇപ്പോള്‍ എങ്ങിനെ പരിചരിക്കുന്നു എന്ന് പരിശോധിച്ചാല്‍ നമുക്ക് നിഷ്പക്ഷമായ ഒരു വിധിതീര്‍പ്പ് എളുപ്പമാണ്. ആ നിലയില്‍,ഫലത്തില്‍ ഒരു ഇടത് പക്ഷം ഇവിടെ അസ്തമിച്ചിട്ട് എത്രയോ കാലമായി .വളരെ വിശാലമായ ഒരു സമത്വസങ്കല്പം ഉള്‍ക്കൊള്ളുന്ന മാര്‍ക്സിയന്‍ദര്‍ശനത്തിന്റെ സാംസ്കാരികപ്രാഭവം ഇന്ത്യയിലെ ഇടത് കക്ഷികളില്‍ നിന്ന് ചോര്‍ന്നു പോയിട്ട് ദശകങ്ങള്‍ തന്നെ ആയിരിക്കുന്നു.കേരളത്തിലെ ചൂഷിത വര്‍ഗത്തില്‍ പെടുന്നവര്‍ ഇന്ന് പ്രധാനമായും ദലിതുകളും ആദിവാസികളും അസംഘടിത തൊഴിലാളികളും ആണ്. ദലിതരില്‍ നല്ലൊരു പങ്ക് ആല്‍ക്കഹോളിസത്തിന്റെയും , കണ്‍സ്യൂമറിസത്തിന്റെയും , രക്ഷപ്പെടാനാവാത്ത കടക്കെണിയുടെയും പിടിയില്‍ ആണ്. ആദിവാസിസമൂഹം പട്ടിണി കൊണ്ടും രോഗം കൊണ്ടും ’നാട്ടുകാരുടെ’ ‘സഹായ’ത്താല്‍ എര്പെട്ട വര്‍ണസങ്കരം കൊണ്ടും നാശോന്മുഖമാണ് .അസംഘടിത തൊഴിലാളി വര്‍ഗമാകട്ടെ, ഇന്ന് കമ്യൂണിസ്റ്റ്‌ പാര്‍ടികള്‍ക്ക് ആദായകരമല്ല . കമ്യൂണിസ്റ്റ്‌ കക്ഷികള്‍ ഇന്ന് തൊഴിലാളി വര്‍ഗമായി പരിഗണിക്കുന്നത് കോളേജ് അദ്ധ്യാപകര്‍ മുതല്‍ ചുമട്ടുതൊഴിലാളികള്‍ വരെയുള്ള ഇടത്തരത്തില്‍ കൂടിയ വരുമാനക്കാരെയാണ്.അവരെല്ലാം പാര്‍ട്ടിബ്യൂറോക്രസിയും സ്റ്റാലിനിസവും ചേര്‍ന്ന ഒരു ചൂഷകഘടനയില്‍ ഭദ്രമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അത്തരം ഒരു ചൂഷകഘടനയുടെ ഗുണഭോക്താക്കളായതിനാല്‍ സമത്വത്തെ കുറിച്ചുള്ള മാര്‍ക്സിയന്‍ ദര്‍ശനമൊന്നും കുട്ടിസഖാക്കളുടെ തലയില്‍ കത്തില്ല. യാതൊരു മൌലികചിന്തയുടെയും ‘ശല്യ’മില്ലാതെ, പാര്‍ട്ടിസെക്രടറി പറയുന്ന നുണയും വഞ്ചനയും ആയിരം,പതിനായിരം ആയി ആവര്‍ത്തിക്കുക മാത്രമേ അവര്‍ക്ക് ചുമതലയുള്ളൂ. തന്നെയുമല്ല ‘വര്‍ഗം‘ എന്ന സങ്കല്പനത്തെ തന്നെ ഇവര്‍ വ്യഭിചരിച്ചിരിക്കുന്നു. കണ്ണൂര്‍ കൌണ്ടറില്‍ നിന്ന് ഏതു മാഫിയയ്ക്കും ചൂഷകനും ഉപരിവര്‍ഗക്കാരനും മതതീവ്രവാദിക്കും സാമാന്യജനത്തിനെ ചൂഷണം ചെയ്യാനുള്ള ടിക്കറ്റ്‌ കിട്ടുമെന്നായിരിക്കുന്നു. ഐസ്ക്രീം പാര്‍ലര്‍, ലാവലിന്‍ ,മൂന്നാര്‍,ഫാരിസ്‌,മാര്‍ട്ടിന്‍,സുസ്ലോണ്‍,മെര്‍ക്കിസ്റ്റന്‍- ഇത്തരം ഒരു പട്ടിക അസമഗ്രവും അപൂര്‍ണവും ആയത് കൊണ്ട് മാത്രമാണ് നിങ്ങള്ക്കത് അസ്വീകാര്യം ആകുക. എല്ലാവിധത്തിലുമുള്ള അഴിമതിയെയും സ്വജനപക്ഷപാതത്തെയും ദൈനം-ദിന പ്രതിഭാസമാക്കിയവരെ കുറിച്ച് പറയുമ്പോള്‍ ഒരു ചെറിയ പട്ടികക്ക് എന്ത് സാംഗത്യം? ചുരുക്കത്തില്‍, വേദപുസ്തകത്തില്‍ പറയുന്നതു പോലെ ,ഉപ്പിന് ഉവര്‍പ്പ് നഷ്ടപെട്ട അവസ്ഥക്ക് ഏറ്റവും പരമമായ ഉദാഹരണമാണ് ഇന്ന് കേരളത്തിലെ ഇടത് പക്ഷമെന്ന് ഒരു ശങ്കയുമില്ലാതെ പറയാം. ഉപയോഗസാധ്യത അനുസരിച്ച് യാതൊരു ഗൃഹാതുരത്വവും കൂടാതെ മാര്‍ക്സിസത്തിന്റെ വിവിധ ഘടകങ്ങളെ പുനര്‍വിശകലനം ചെയ്യണം. മാര്‍ക്സിയന്‍ ദര്‍ശനവും (ഉദാഹരണത്തിന്,1844ലെ കയ്യെഴുത്ത് പ്രതികളിലെ മനുഷ്യപ്രകൃതിയെ കുറിച്ചുള്ള അസ്തിത്വവാദ ചിന്തകള്‍) ചരിത്രവീക്ഷണവും( ഉദാ:The Eighteenth Brumaire of Louis Bonaparteലെ കവിതാത്മകമായ ചരിത്രത്തിന്റെ ഭൌതികവ്യാഖ്യാനം) പല നിലയിലും ഇന്നും പ്രസക്തമാണ്. ആവശ്യാനുസരണം അവയെ നിലനിര്‍ത്തി,കാലഹരണപ്പെട്ട മാര്‍ക്സിയന്‍ രാഷ്ട്രീയപ്രയോഗത്തെയും സാമ്പത്തിക ചിന്തയെയും എങ്ങിനെ തിരസ്കരിക്കാം എന്നതാണ് ഇന്ന് ലോകമെങ്ങുമുള്ള ഇടതുപക്ഷം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം . അതായത് മാര്‍ക്സിസത്തെ രോഗനിര്‍ണയോപാധികളില്‍ ഒന്ന് എന്ന നിലയില്‍ സ്വീകരിക്കുകയും ചികില്‍സ എന്ന നിലയില്‍ പരിത്യജിക്കുകയും ചെയ്യുക എന്ന നിയോഗം. കടുത്ത നേതൃത്വപ്രതിസന്ധിയുള്ള, വിജ്ഞരെങ്കിലും ധാര്‍മികാധികാരികള്‍ അല്ലാത്ത ബുദ്ധിജീവികളാല്‍ മാത്രം ഉപദേശിക്കപ്പെടുകയും സേവിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യന്‍ ഇടതുപക്ഷ സാഹചര്യത്തില്‍ പരിഹാരാന്വേഷണമെന്ന ഈ വലിയ നിയോഗം നിറവേറപ്പെടില്ല.

കേരളത്തിന്റെ വികാസപരിണാമങ്ങളില്‍ ഇടതുപക്ഷം നിര്‍വഹിച്ച പങ്ക് എന്താണ്‌?

മിഷനറിമാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ തുടക്കമിട്ട,നാരായണ ഗുരുവിനെപോലുള്ള നവോത്ഥാന നായകര്‍ പോഷിപ്പിച്ച ജ്ഞാനപ്രകാശത്തെ സാര്‍വത്രികമായി വിതരണം ചെയ്തു എന്നതാണ് കേരളത്തിലെ ഇടതുപക്ഷം നിര്‍വഹിച്ച ഏറ്റവും മഹത്തായ പങ്ക് .തത്ഫലമായി ഫ്യൂഡലിസത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു.അവകാശബോധം മലയാളിയുടെ ആറാമിന്ദ്രിയമായി.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒരു ഇടവേളയിലെന്കിലും പൊതുജീവിതത്തില്‍ നിന്ന് ഉച്ചാടനം ചെയ്യപ്പെട്ടു . പക്ഷെ ,മാര്‍ക്സിസത്തിന്റെ സഹജമായ ന്യൂനതയാലും സ്ഥാപകനേതാക്കളുടെ ക്രാന്തദര്‍ശിത്വത്തിലെ കുറവ്കൊണ്ടും കടമ എന്തെന്നറിയാത്ത തരം അവകാശബോധമാണ് മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേരാനിടയായത് .സങ്കുചിതമായ ഇത്തരം ഒരു ഇടതു പൊതുബോധത്തിനു excellence –നെ വരിക്കാനോ മാനിക്കാനോ അറിയില്ല. അതിനാല്‍ mediocrity നമ്മുടെ മതമായി.

കമ്യുണിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചയും എണ്‍പതുകള്‍ക്ക് ശേഷം ഉണ്ടായ ആഗോളസാഹചര്യങ്ങളും ദേശീയതലത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങളും പുതിയ ധ്രുവീകരണങ്ങളും ഇടതുപക്ഷത്തെ എങ്ങനെ സ്വാധീനിച്ചു?

മാര്‍ക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന്റെ അന്തര്‍നിഹിതമായ വൈരുദ്ധ്യങ്ങള്‍ കൊണ്ടാണ് കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ യുറോപ്പില്‍ തകര്‍ന്നത്‌.എന്നാല്‍ അന്‍പതുകളില്‍ പാര്‍ലിമെന്ററിപാത സ്വീകരിച്ച കാലം മുതല്‍ ഇന്ത്യയിലേത് ഒരു നാമമാത്ര കമ്മ്യൂണിസം മാത്രമായിരുന്നു. അപ്പോള്‍ എണ്‍പതുകളില്‍ പുതിയൊരു തകര്‍ച്ചയുടെ പ്രശ്നമില്ല. ഫ്യൂഡലിസത്തില്‍ നിന്ന് വിടുതല്‍ നേടാത്ത, നാമമാത്രജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് വിപ്ലവം പറയുമ്പോള്‍ ഉണ്ടാവുന്ന വൈരുദ്ധ്യത്തില്‍ നിന്നു ജനിക്കുന്ന ക്രമാനുഗതമായ ചീയലിന്റെ പ്രശ്നമേ ഉള്ളൂ. ഒരു സ്റ്റാലിനിസ്റ്റ്‌ ഘടന ആവും വിധം നിലനിര്‍ത്തി ,ഭരണകൂടസ്ഥാപനങ്ങളില്‍ നുഴഞ്ഞു കയറി അഴിമതി കൊണ്ടും സ്വജനപക്ഷപാതം കൊണ്ടും ആ ഘടനയെ കൂടുതല്‍ കൂടുതല്‍ പോഷിപ്പിക്കുന്ന തരം വിപ്ലവമെ കേരളത്തില്‍ 1957 മുതല്‍ ഉണ്ടായിരുന്നിട്ടുള്ളൂ.അതുകൊണ്ടു എണ്‍പതുകളില്‍ വിശ്വാസ്യതാനഷ്ടം കൂടുതല്‍ ആയി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് അപകടമൊന്നും ഇടതുപക്ഷത്തിനു ഇവിടെയുണ്ടായില്ല. കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങളെ കുറിച്ച് നമ്മുടെയൊക്കെ ഉള്ളിലുണ്ടായിരുന്ന നിഗൂഢപരിവേഷവും ആരാധനയും നഷ്ടപ്പെട്ടു എന്ന് പറയാം .ആഗോളവല്‍ക്കരണം,ഗള്‍ഫിലേക്കുള്ള കുടിയേറ്റം,ഹിന്ദു-മുസ്ലിം മതതീവ്രവാദങ്ങള്‍ -ഇവയെയൊക്കെ ആദര്ശങ്ങളൊക്കെ മാറ്റിവച്ച്‌ സ്വന്തം നേട്ടത്തിനായി കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ വലതുപക്ഷകക്ഷികളെ തന്നെ പോലെ ഇടതുപക്ഷവും നിരംകുശം ഉപയോഗിച്ചു എന്നതാണ് പ്രസക്തം. പത്തു വോട്ടിനും പത്തു കാശിനും വേണ്ടി എന്ത് ഒത്തുതീര്‍പ്പിനും തയ്യാറാവുന്ന വിധമായി പാര്‍ടി തന്ത്രം. ആഗോളവല്‍ക്കരണ ഘട്ടത്തിലെ സാര്‍വത്രികമായ ആര്‍ത്തിയുടെ ഭാഗമെന്ന നിലയില്‍, ‘പാര്ടിക്ക് വേണ്ടി അഴിമതി ആവാം’ എന്ന തത്വം പ്രതിഷ്ഠ നേടി.അതുവരെ വളരെ അപൂര്‍വമായിരുന്ന വ്യക്ത്യാധിഷ്ഠിതഅഴിമതിക്കും പാര്‍ട്ടിക്കുള്ളില്‍ ക്രമേണ പ്രവേശനമായി.

ആദര്‍ശരാഷ്ട്രീയത്തില്‍ നിന്ന് പ്രായോഗികരാഷ്ട്രീയത്തിലേക്കുള്ള ചുവടു മാറ്റം ഇടതുപക്ഷമൂല്യങ്ങള്‍ക്ക് മങ്ങലേല്പ്പിച്ചിട്ടുണ്ടോ?

ആദര്‍ശരാഷ്ട്രീയം എന്നത് ഒരു കാലത്തും ഏതെന്കിലും സമൂഹത്തില്‍ ശാശ്വതമായ ഒരു അവസ്ഥ ആയിരുന്നിട്ടില്ല.മുതലാളിത്തത്തിന്റെ കെടുനീതികളോടുള്ള പ്രതിരോധം എന്ന നിലയിലാണ് കമ്യൂണിസം മുതലായ പ്രതിരോധപ്രസ്ഥാനങ്ങളില്‍ ആദര്‍ശരാഷ്ട്രീയം പ്രമുഖമാകുന്നത്. കാലക്രമേണ പ്രതിരോധം അഴയുകയും ആദര്‍ശത്തിന്റെ ഉള്ളടക്കം എല്ലാം ചോര്‍ന്നു പുറംതോട് മാത്രം ബാക്കിയാവുകയും ചെയ്യും.ഇത്തരം ഉള്ളടക്കലോപം ഇടത് പാര്ടികളില്‍ പണ്ട് തന്നെ സംഭവിക്കാന്‍ തുടങ്ങി.കേരളത്തിലെ മാത്രം പ്രശ്നമല്ല.അധികാരത്തോട് ബന്ധപ്പെട്ട സാര്‍വകാലിക-സാര്‍വലൌകിക പ്രശ്നമാണ്.അതുകൊണ്ട് എവിടെയെങ്കിലും ഒരു ജനമുന്നേറ്റം ഉണ്ടാവുമ്പോഴോ പുതിയ ഒരു ജനനേതാവ് ചക്രവാളത്തില്‍ ഉദിക്കുമ്പോഴോ അമിതമായി രോമാഞ്ചം കൊള്ളാതിരിക്കുക.നമ്മുടെ സ്വപ്‌നങ്ങള്‍ വഞ്ചിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. വിയറ്റ്നാമിന്റെ കാര്യം നോക്കൂ.അമേരിക്കക്കെതിരായ പ്രതിരോധത്തില്‍ ലോകം മുഴുവന്‍ ഐക്യദാര്‍ഢ്യഠ പ്രഖ്യാപിച്ച ജനതയാണ്.ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ നിയോ-കൊളോണിയലിസത്തിന്റെ ഏറ്റവും നല്ല ഉപാസകരായില്ലേ? ലോകചരിത്രത്തില്‍ പുരോഗമനപ്രസ്ഥാനങ്ങളില്‍ സര്‍വസാധാരണമായ ഇത്തരം ഒരു പ്രതിലോമ പ്രക്രിയക്കെതിരായാണ് മാവോ സാംസ്കാരിക വിപ്ലവം തുടങ്ങിയത് .എന്നിട്ടെന്തായി? മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ ,മുതലാളിത്തത്തിന് അനുലോമമാണ് ആര്‍ത്തി നിറഞ്ഞ മനുഷ്യപ്രകൃതി എന്ന അനിഷ്ട സത്യം നാം മനസ്സിലാക്കാതിരുന്നിട്ടു കാര്യമൊന്നുമില്ല. ഒരു പുതിയ ഇടതുപക്ഷത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന മാര്‍ക്സിസത്തിന്റെ അവശിഷ്ടരൂപങ്ങള്‍ ഒരു ഉത്തരത്തിനായി അധികാരത്തിനെ കുറിച്ചുള്ള സവിസ്തര പഠനത്തിലേക്കും genetics ലേക്കും വ്യക്തി-സമൂഹ മനശ്ശാസ്ത്രത്തിലേക്കും ക്ഷമാപൂര്‍വം തിരിയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു .

.ഇടതുപക്ഷത്തെകുറിച്ചുള്ള ഇനിയുള്ള പ്രതീക്ഷകള്‍ എന്തെല്ലാമാണ്‌? ഒരു പുതിയ ഇടതുപക്ഷത്തിന്റെ സാധ്യത എത്രത്തോളമുണ്ട്? കേരളത്തിന്റെ ഭാവിയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണ്‌?

വ്യവസ്ഥാപിത ഇടത്പക്ഷം ഇന്ത്യയില്‍ ഇന്ന് പണ്ടൊരു കാര്ടൂണില്‍ അബു നിരീക്ഷിച്ചത് പോലെ ഏറിയാല്‍ വെറും nation watchers മാത്രമാണ് .പ്രാബല്യമുള്ള രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വിഹിതം കാത്തിരിക്കുന്ന, പാര്ടിക്കുള്ളില്‍ തന്നെ നീതി നടത്താന്‍ കെല്പില്ലാത്ത ഒരു കേന്ദ്ര നേതൃത്വം. കേരളത്തിലാകട്ടെ, പാര്‍ടിയുടെ ധാര്മികലോപം ഇന്ന് പൂര്‍ണമാണ്. ഐസ്ക്രീം പാര്‍ലര്‍ കേസിനെ വ്യത്യസ്ത കാലങ്ങളില്‍ പാര്‍ട്ടി എങ്ങിനെ സമീപിച്ചു എന്ന ഒറ്റ ഉദാഹരണം മതി ആഴത്തിലുള്ള തത്വദീക്ഷയില്ലായ്മയുടെ ഒരു രൂപം കിട്ടാന്‍.ഇത് നല്ലൊരു കേസ്‌ സ്റ്റഡി ആണ്, ക്രിമിനലുകള്‍ക്ക് വേണ്ടി ഭരണകൂട സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ഇടതുപക്ഷം എങ്ങിനെ അട്ടിമറിക്കുന്നു എന്നതിന്. മാര്‍ക്സിസ്റ്റുക ളുടെ ഇരട്ടത്താപ്പ് കലര്‍ന്ന കളി ഇന്നത്തെ ദിവസവും തുടരുകയാണ്. .മിനിയോടന്മാരെയും ദാമോദരന്മാരെയും പീറ്റര്‍മാരെയും ഉപയോഗിച്ച് എല്ലാ സ്ഥാപനങ്ങളെയും വ്യഭിചരിച്ച് നല്ല വില വാങ്ങിയവര്‍ തന്നെ ഇന്ന് പോരാളികളായി ,ധര്മിഷ്ടരായി നടിക്കുന്നു. ഇടതുപക്ഷത്തെ ഇനിയും പ്രസക്തമായ ഒന്നായി കാണുന്നവര്‍ ഈ അപചയം പാര്‍ട്ടിയിലെ കണ്ണൂര്‍ഗ്രൂപ്പിന്‍റെ മാത്രം കുറ്റമായി കാണുന്നത് ശരിയല്ല. പാര്‍ടി സര്‍വസമ്മതമായി നടപ്പാക്കിയ ഒന്നാണ് അത് . നിയമ നടത്തിപ്പ് ആദ്യമായി അട്ടിമറിക്കുമ്പോള്‍ സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ആയിരുന്ന സാക്ഷാല്‍ ഇ.എം.എസ.പൂര്‍ണബോധത്തോടെ ജീവിച്ചിരുന്നു. വി.എസ.അന്ന് പാര്‍ടിയില്‍ സര്‍വശക്തന്‍ . ശുദ്ധമനസ്കനായി കൊണ്ടാടപ്പെടുന്ന നായനാര്‍ അന്ന് പീഡനക്കേസുകളെ ചിരിച്ചു തള്ളുകയായിരുന്നു. അടിസ്ഥാനവര്ഗത്തിലെ പെണ്‍കുട്ടികളുടെ മാനം ഉപാധിയാക്കി അന്ന് മുസ്ലിംലീഗിന്റെ രാഷ്ട്രീയ പിന്തുണയും സാമ്പത്തിക നേട്ടവും കരസ്ഥമാക്കിയ ഒരു അടവുനയം ഒരു systemic ജീര്‍ണതെയെ ആണ് വെളിവാക്കുന്നത് .. ഈ ജീര്‍ണതയെ കുറിച്ചുള്ള അനിഷ്ടസത്യത്തില്‍ നിന്നു മാത്രമേ പുതിയ ഇടത് പക്ഷത്തെ കുറിച്ചുള്ള ചിന്ത കേരളത്തില്‍ ആരംഭിക്കാനാവു.ഇന്ന് മാര്ക്സിസത്തിനോടല്ല ശിവസേന പോലുള്ള ഒരു crudity യോടാണ് പാര്ടിക്ക് സാമ്യം.’പിണറായിയില്നിന്ന് തുടങ്ങി പിണറായിയില്ഒടുങ്ങിയഒന്നായി പാര്ടിയുടെ പ്രത്യയശാസ്ത്രചരമത്തെ ഭാവിയില്രേഖപ്പെടുത്താനാവും എന്നാണ് എനിക്ക് തോന്നുന്നത്. . സാങ്കേതികമായി പാര്ടി അവസാനിക്കുമെന്നല്ല പറയുന്നത് . പാവങ്ങളോട് ഒരു ആസ്ഥയും ഇല്ലാത്ത സമ്പന്നമായ കത്തോലിക്കപള്ളി പോലുള്ള ഒരു സ്ഥാപനമായി അത് ജീവിതം തുടരും.

കേരളത്തില്‍ ഒരു പുതിയ ഇടതുപക്ഷത്തിന്റെ പ്രസക്തി വളരെ വലുതാണ്‌.മുന്‍പ് പറഞ്ഞത് പോലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും അസംഘടിതതൊഴിലാളികള്‍ക്കും സാമൂഹ്യനീതി ഇപ്പോഴും അകലെയാണ്. പാരിസ്ഥിതികവും ലിംഗപരവും ആയ പുതിയ അഭിവീക്ഷണങ്ങളെയും പുതിയ ഇടതുപക്ഷം സ്വാംശീകരിക്കെണ്ടതുണ്ട്. ദലിതരുടെ കാര്യത്തില്‍ സാമ്പത്തികത്തിനോടൊപ്പം അപര്യാപ്തമായ സ്വയം–നിര്‍വഹണത്തിന്റെ സാംസ്കാരികപ്രശ്നം കൂടിയുണ്ടെങ്കില്‍, ആദിവാസികള്‍ പൂര്‍ണമായും സാമൂഹികമായ അനാഥാവസ്ഥയിലാണ്. ഇത് കേരളപൊതുസമൂഹത്തിനു തന്നെ നാണക്കേട് ആണ്. വോട്ട്മൂല്യമുള്ള സമസ്ത മേഖലകളിലെയും സംഘടിതര്‍ ,ന്യൂനപക്ഷ-ഭൂരിപക്ഷ നിക്ഷിപ്ത താല്പര്യങ്ങള്‍, സമ്പന്ന വര്‍ഗം –ഇടതു പക്ഷം ഉള്‍പ്പടെയുള്ള രാഷ്ട്രീയസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്‍ഗണനകള്‍ ഇന്ന് ഇവയോടെല്ലാമാണ്.ഇത്തരം ക്രമരഹിതമായ മുന്‍ഗണനയുടെ ഭാരത്താല്‍ ആദിവാസികളും മറ്റും ചതഞ്ഞരയുകയാവാം. ചില ബുദ്ധിജീവികളുടെ നിക്ഷിപ്ത താല്പര്യം സമ്പന്നമായ മുസ്ലിം ന്യൂനപക്ഷത്തെയും പട്ടിണിപ്പാവങ്ങളായ ആദിവാസികളെയും മുദ്രാവാക്യങ്ങളില്‍ സമീകരിക്കുന്നത് കാണാം. നാണം കെട്ട കേരള സമൂഹത്തിനു മാത്രമേ ഈ ഹീനതക്ക് കഴിയൂ. അത് നൂറ്റാണ്ടുകളായി മുറിവേല്‍പ്പിക്കപ്പെട്ടവരുടെ മേല്‍ അപമതി കൂടി ചൊരിയുന്നതിനു തുല്യമാണ്. കോഴിക്കോട്ടെ ഒരു സമ്പന്ന ന്യൂനപക്ഷ ഭവനത്തില്‍ ഒറ്റ അത്താഴത്തിന് ചിലവാകുന്ന തുകകൊണ്ട് ഒരു ഊരിനു മുഴുവന്‍ ഒരു ദിവസം മുഴുവന്‍ ഭക്ഷണം കൊടുക്കാം എന്നതാണ് യാഥാര്‍ത്ഥ്യം .ഒരു പുതിയ ഇടതുപക്ഷം പ്രാദുര്ഭാവം ചെയ്യുന്നതിനുള്ള പ്രധാന തടസ്സം വ്യവസ്ഥാപിത ഇടത് പക്ഷം പണ്ടേക്കു പണ്ടേ വലതുപക്ഷമായി കഴിഞ്ഞു എന്ന് കേരളജനത തിരിച്ചറിയാന്‍ വൈകുന്നു എന്നതാണ്.അഴിമതിക്കറ പുരണ്ട ഒരു വിഭാഗം മദ്ധ്യവര്‍ഗത്തിന് ഈ വ്യാജ ഇടതുപക്ഷം ഒരു സൌകര്യമാണ്. മലയാളിയുടെ ഉപബോധമനസ്സില്‍ കടന്നു കൂടിയിട്ടുള്ള ഈ വ്യാജ ഇടത്അവബോധത്തെ മറി കടക്കാന്‍ വിമോചനം അന്വേഷിക്കുന്ന ദലിതുകളും ആദിവാസികളും വല്ലാതെ പണിപ്പെടേണ്ടി വരും.വലതിന്റെ ചൂഷണത്തിനേക്കാള്‍, ഇടതിന്റെ ചൂഷണത്തിനേക്കാള്‍ നാം ഭയപ്പെടേണ്ടത് ജനചൂഷണത്തിന്റെ കാര്യത്തില്‍ ഇടതും വലതും ആത്യന്തികമായി എത്തിചേരുന്ന ആപല്‍ക്കരമായ സമവായത്തെ കുറിച്ചാണ്. ഇന്ന് വരെ രാഷ്ട്രീയക്കാരനായ ഒരു കുറ്റവാളിയും എന്തുകൊണ്ട് തുറുങ്കില്‍ അടക്കപ്പെട്ടിട്ടില്ല എന്നതിന്റെ രഹസ്യം തേടി നാം എങ്ങും പോകേണ്ടതില്ല. എങ്കിലും, ഇപ്പോള്‍ ഐസ്ക്രീം വിവാദത്തില്‍ എന്നത് പോലെ, പൊളിറ്റിക്കല്‍ സമൂഹത്തിലെ ചൂഷകന്മാര്‍ ഇടതും വലതും ആയി ചേരിതിരിഞ്ഞു പരസ്പരം അഴുക്കുകള്‍ വാരി പുറത്തിടുന്ന പ്രതിഭാസത്തില്‍ നാം ആനന്‍ദിക്കേണ്ടതാണ്. എന്നും വഞ്ചിക്കപ്പെടുന്ന ജനങ്ങള്‍ക്ക്‌ മുന്‍പില്‍ ഇവരൊന്നു വെളിവാകുകയെങ്കിലും ചെയ്യട്ടെ .

പുതിയ ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദലിതര്‍ക്കും ആദിവാസികള്‍ക്കും തെളിയിക്കപ്പെട്ട നേതൃത്വപരമായ മനുഷ്യവിഭവശേഷിയില്ല. സമ്പല്‍സമൃദ്ധിയുടെ പുറംപൂച്ചുള്ള കേരള സാഹചര്യത്തില്‍ നിലനില്‍ക്കാന്‍ ആവശ്യമായ സാമ്പത്തികവിഭവശേഷി ഇല്ല. ഈ സാഹചര്യത്തില്‍ പ്രബുദ്ധമായ പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണയാണ് അവര്‍ക്ക് ആവശ്യം.പക്ഷെ, ഇന്ന് പ്രബുദ്ധമായ ഒരു പൊതുസമൂഹം കേരളത്തില്‍ നിലവിലില്ല . ഏതു കാല്‍വയ്പ്പും അബദ്ധത്തിലേക്കുള്ള കാല്‍വയ്പ്പായി പരിണമിക്കുന്ന ഒരു ദയനീയാവസ്ഥ ഇന്ന് ദലിത്‌-ആദിവാസി പൊതുമണ്ഡലത്തിലുണ്ട്.ഈ ദുര്‍ബലാവസ്ഥയെ ആദിവാസി-ദലി ത്‌ പ്രസ്ഥാനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ മറികടക്കുന്നത്, അവസരം കിട്ടുന്നിടത്തൊക്കെ നുഴഞ്ഞു കയറാന്‍ വെമ്പല്‍ കൊള്ളുന്ന മതമൌലികവാദികളെ സമരങ്ങള്‍ സ്പോണ്സര്‍ ചെയ്യാന്‍ അനുവദിച്ചാണ്.ഇതിലെ ദൂരവ്യാപകമായ അപകടം ദലിത്‌-ആദിവാസി നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല.

വിശാലമായ ഒരു പുതിയ വര്‍ഗസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇടതുപക്ഷമാണ് രൂപം കൊള്ളേണ്ടത്.വെറുമൊരു സാങ്കേതികത മാത്രമായി അധ:പതിച്ച ’തൊഴിലാളി വര്‍ഗം’ എന്ന സങ്കല്പനത്തിനു പകരം ‘ചൂഷിതവര്‍ഗം’ എന്ന വലിയ കൂട്ടായ്മ ഉണ്ടാവണം . കാലഹരണപ്പെട്ട മാര്‍ക്സിയന്‍ സാമ്പത്തിക വാദത്തെയും രാഷ്ട്രീയപ്രയോഗത്തെയും മുന്‍പില്‍ നിര്‍ത്തിയാണ് വള്‍ഗര്‍ കമ്യൂണിസ്റ്റ്‌കള്‍ ഇന്ന് ചൂഷണം തുടരുന്നത്. കോണ്ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും ചൂഷണത്തില്‍നിന്ന് ഇടതുചൂഷണത്തിനുള്ള അധികമാനം ഈ വിപ്ലവവായാടിത്തത്തിന്റെതാണ്. അതിനാല്‍ തന്നെ ,കാലഹരണപ്പെട്ട മാര്‍ക്സിയന്‍ സാമ്പത്തിക വാദത്തെയും രാഷ്ട്രീയപ്രയോഗത്തെയും അവഗണിച്ച് പ്രാഥമിക മാര്‍ക്സിയന്‍ദര്‍ശനത്തെയും പൊതുവായ അതിന്‍റെ ചരിത്രപരതയെയും അംഗീകരിക്കുന്ന പുതിയ രാഷ്ട്രീയപ്രയോഗങ്ങള്‍ക്ക് രൂപം കൊടുക്കണം. അത്തരം ഒരു പുതിയ ഇടതുപക്ഷവും കുറ്റമറ്റ സമ്പൂര്‍ണ വിപ്ലവം കൊണ്ട് വരും എന്ന പ്രതീക്ഷയൊന്നും ലോകചരിത്രം സസൂക്ഷ്മം നിരീക്ഷിച്ചിട്ടുള്ള ഒരാള്‍ക്ക്‌ ഉണ്ടാവാന്‍ ഇടയില്ല. ക്രമാനുഗതവും incremental-ഉം ആയ മാറ്റങ്ങള്‍ തന്നെയാവും അത്തരം ഒരു ഇടതു പക്ഷവും കൊണ്ടുവരിക. അന്നും ഐസ്ക്രീമും ലാവലിനും ഒക്കെ ഉണ്ടാവില്ലെന്നില്ല. അത്യാവശ്യം അഴിമതിയും അസമത്വവുമൊക്കെ നില നിന്നേക്കാവുന ഒരു മുതലാളിത്ത വ്യവസ്ഥയില്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ഇന്ന് നിഷേധിക്കപ്പെടുന്ന അവരുടെ ഓഹരി രാഷ്ട്രീയാധികാരവും സാമ്പത്തികാധികാരവും കിട്ടുമെന്നായാല്‍ തന്നെ അത് വലിയ ഒരു കുതിപ്പ് ആകും. .

----------------------------------------------------------------------

Sunday, February 27, 2011

ഗദ്ദാഫി

ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ചാല്‍ അത് മാനുഷികമല്ലാതാവും .ആര്‍ത്തി,കാമം,അധികാരദാഹം ഇത്തരം driveകളുടെ സമാഹാരമാണ് മനുഷ്യന്‍.ചരിത്രം നൂറുനൂറു മുസ്സോളിനികളെയും ഗദ്ടാഫികളെയും കാത്തു കാത്തിരിക്കുന്നു..വിപ്ലവം എന്നൊക്കെ പറഞ്ഞു സ്ക്വയര്‍ കളില്‍ തിങ്ങികൂടുന്നവര്‍ -അതും സ്വാതന്ത്ര്യദാഹം എന്നാ ഡ്രൈവിനാല്‍.

Wednesday, February 16, 2011

മകരജ്യോതി-ഒരു സമൂഹത്തിനു ഒന്നടങ്കം ഭ്രാന്തെടുത്താല്‍ .....


ക്തി ഒരു ഘനവ്യവസ്സായമാക്കിയിരിക്കുയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ .60 കളില്‍ എന്റെ കൌമാരത്തില്‍ അന്നേക്ക് 30 ഉം 40ഉം വര്ഷംശബരിമലയില്‍ പോയ വൃദ്ധരായ അയ്യപ്പന്മാര്‍ മകരജ്യോതി എന്ന അത്ഭുതമൊന്നും അന്നില്ല എന്നാണു പറഞ്ഞിട്ടുള്ളത്.ആകെയുള്ളത് ഒരു നക്ഷത്രം മാത്രം.അത് ഇന്ന് പറയപ്പെടുന്നത് പോലെ മകരരാശിയിലല്ല.Brightest star ആയ Sirius [രുദ്രം] ആണത്.ബാക്കിയെല്ലാം ഇടത്-വലതു സര്‍കാര്‍ മെഷിനറി നിര്മിതിക്കുന്ന വ്യാപാരം ആണ്.മദ്യം-ലോട്ടറി-വ്യവസായങ

്ങള്‍ പോലെ തന്നെ ഭക്തി വ്യവസായവും സ്വന്തം പ്രജകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഒരു സര്‍ക്കാര്‍.മകരജ്യോതി തട്ടിപ്പ് നിര്‍ത്തണമെന്ന് ഒരു മാധ്യമവും പറയില്ല. ജനങ്ങളുംഎല്ലാം അറിഞ്ഞു കൊണ്ടു തട്ടിപ്പിന് നിന്ന് കൊടുക്കുന്നു.ഒരു സമൂഹത്തിനു ഒന്നടങ്കം ഭ്രാന്തെടുത്താല്‍ .....


കുഞ്ഞാലിക്കുട്ടി,മാധ്യമങ്ങള്‍,മാര്‍ക്സിസ്റ്റുകള്‍.....


കുഞ്ഞാലിക്കുട്ടി കേസ് നല്ലൊരു കേസ്‌ സ്റ്റഡി ആണ്.ക്രിമിനലുകള്‍ എങ്ങിനെ ഭരണകൂട സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും അട്ടിമറിക്കുന്നു എന്നതിന്.കളി ഇന്നത്തെ ദിവസവും തുടരുകയാണ്.ഇന്നലെ മുതല്‍ മുഖ്യ പത്രങ്ങളില്‍ വാര്‍ത്തശുഷ്കമായി , ഒന്‍പതാം പേജിലായി .ഇത് തന്നെയാണ് ഇവര്‍ അഭയ കേസിലും ചെകന്ന്ര്‍ കേസിലും കൊലയാളികള്‍ക്ക്‌ വേണ്ടി ചെയ്ത ത് . ഐസ്ക്രീം കേസ്‌ ആദ്യം വന്നപ്പോള്‍ മുത്തശ്ശി പത്രം മുതല്‍ വിപ്ലവപത്രം വരെ വാര്‍ത്ത തമസ്കരിച്ചു.കെ .വേണുവിന്റെ മാസികക്ക് ഇതേ കുറിച്ചുള്ള ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന ലക്കത്തിന്റെ പരസ്യം കൊ ടുക്കന്‍ പത്രങ്ങള്‍ സ്ഥലം കൊടുത്തില്ല.നിയമസഭാസമിതിക്ക് മുന്‍പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാന്‍ രോഗിണിയായ ഗൗരിയമ്മ വന്നത് മുഹമ്മദ്‌ ബഷീര്‍ താങ്ങിയെടുത്താണ് . മീനാക്ഷി തമ്പാനും സുഗതകുമാരിയും സാങ്കേതികത്വം പറഞ്ഞു നിസ്സഹായത നടിച്ചു. സുപ്രിം കോടതിയില്‍ സംഭവിച്ചതും കുറുപ്പ് -തങ്കപ്പന്‍ എപിസോഡ് തന്നെ. മാര്‍ക്സിസ്ടുകളുടെ ഇരട്ടത്താപ്പ് പതിവ് പോലെ തന്നെ.മിനിയോടന്മാരെയും ദാമോദരന്മാരെയും പീറ്റര്‍മാരെയും ഉപയോഗിച്ച് എല്ലാ സ്ഥാപനങ്ങളെയും വ്യഭിചരിച്ചു നല്ല വില വാങ്ങിയവര്‍ തന്നെ ഇന്ന് പോരാളികളായി ,ധര്മിഷ്ടരായി നടിക്കുന്നു.പത്തു കൊല്ലം കൊണ്ട് ഇതെല്ലം മറന്ന പൊതുജനം എന്ന കഴുത....

ഇനിയെന്ത്?-കാര്‍ലോസ് ദ്രുമോന്‍

വിവര്‍ത്തനം:സി.ആര്‍.പരമേശ്വരന്‍


പാര്‍ട്ടി തീര്‍ന്നു,

വിളക്കുകളണഞ്ഞു ,

ആള്‍ക്കൂട്ടവും പിരിഞ്ഞു,

,രാവിനു തണുപ്പായി,

ഇനിയെന്ത് ,ജോസ് ?

ഇനിയെന്ത് ചെയ്യും നീ?

നീ പേരില്ലാത്തവന്‍ ,

,അന്യരെ ഹസിപ്പോന്‍,

കവിതയെഴുതുന്നോന്‍ നീ,

സ്നേഹിപ്പോന്‍,പ്രതിഷേധിപ്പോന്‍.

ഇനിയെന്ത് ,ജോസ്?

ഭാര്യയില്ല നിനക്ക്

വാക്കുകളില്ല നിനക്ക്

വാല്‍സല്യം കിട്ടാനില്ല,

മദ്യപിക്കാനാവില്ല ,

പുകവലിക്കാനാകില്ല

നിനക്കൊന്നു തുപ്പാന്‍ പോലുമാകില്ല.,

രാവിനു തണപ്പേറുന്നു ,

പകലിനിയും വന്നില്ല

വണ്ടി വന്നില്ല

ചിരി വന്നില്ല

ഉട്ടോപ്യ വന്നില്ല

എല്ലാം കഴിഞ്ഞു

എല്ലാം മണ്ടിക്കഴിഞ്ഞു

എല്ലാം ചീഞ്ഞു കഴിഞ്ഞു.

ഇനിയെന്ത് ജോസ്?

ഇനിയെന്ത് ജോസ് ?

നിന്‍റെ പഞ്ചാരവാക്കുകള്‍

നിന്‍റെ ജ്വരാര്‍ത്തമായ വെമ്പല്‍ ,

വിരുന്നുകളില്‍ ആമോദിച്ചത് ,

നീ പട്ടിണി കിടന്നത് ,

നിന്‍റെ വായനശാല ,

നിന്‍റെ സ്വര്‍ണഖനി ,

നിന്‍റെ ചില്ല് കുപ്പായം,

നിന്‍റെ അസംബന്ധം,

നിന്‍റെ വെറുപ്പ്‌-ഇനി എന്ത്?

കയ്യില്‍ താക്കോലുണ്ട് ,

നിനക്ക് വാതില്‍ തുറക്കണമെന്നുണ്ട്,

പക്ഷെ അതിനു വാതിലൊന്നുമില്ലല്ലോ.

നിനക്ക് മരണം അലകടലില്‍ വേണമെന്നുണ്ടായിരുന്നു,

പക്ഷെ കടലൊക്കെ വറ്റിപ്പോയല്ലൊ;

നിനക്ക് മിനാസില്‍ പോണമെന്നുണ്ട്.

അതിനിപ്പോള്‍ മിനാസ് നിലവിലില്ലല്ലോ.

ജോസ്,ഇനിയെന്ത്‌ ?

നീ അലമുറയിട്ടാല്‍,

നീ ഞരങ്ങിയാല്‍, നീ ഒരു

വിയന്നീസ് യുഗ്മഗീതം പാടിയാല്‍,

നീ ഉറങ്ങിയാല്‍,

നീ തളര്‍ന്നാല്‍,

നീ മരിച്ചാല്‍-

പക്ഷെ നീ മരിക്കില്ലല്ലോ ,

നീയൊരു നിര്‍ബന്ധബുദ്ധി ,ജോസ്!

ഇരുട്ടില്‍ തനിയെ,

ഒരു വന്യമൃഗത്തെ പോലെ,

വംശാവലിയിലില്ലാതെ,

ചരിനില്‍ക്കാന്‍

ഒരു ചുമരില്ലാതെ ,

ജൈത്രയാത്രക്കായി

പായുന്ന

കറുത്ത കുതിരയില്ലാതെ,

നീ ഒറ്റക്ക് മാര്‍ച്ച് ചെയ്യുന്നു,ജോസ്!

എവിടേക്കാണ് ,ജോസ് ?

[പോര്‍ത്തുഗിസ് ഭാഷയിലെഴുതിയിരുന്ന കാര്‍ലോസ് ദ്രുമോന്‍ ആന്ദ്രേ(1902-1987) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രസീലിയന്‍ കവികളില്‍ ഒരാളാണ് .]


Sunday, February 13, 2011

ആരടാ, ഈ ടോമി ? - ചാള്‍സ് ബുകൊവ്സ്കി


രണ്ടാഴ്ചയോളം ന്യൂയോര്‍ക്കില്‍ നിന്നുള്ള

ഒരു ഇരുപത്തിനാലുകാരിയുമായി

ഞാന്‍ ചുറ്റിക്കളിയിലായിരുന്നു-

തോട്ടിസമരം

നടന്നോണ്ടിരുന്നപ്പോള്‍.

അതിനിടയിലൊരു രാത്രിയില്‍

എന്‍റെ മുപ്പത്തിനാലുകാരി പെണ്ണുമ്പിള്ള

കയറി വരുന്നു,

അവള്‍ പറഞ്ഞു, “എനിക്കെന്റെ

എതിരാളിയെ കാണണം”

കാണുകേം ചെയ്തു.

“ഓ,നീയൊരു കൊച്ചുസുന്ദരിയാണല്ലോ”

പിന്നെ ഞാന്‍ കാണുന്നത്

കാട്ടുപൂച്ചകളുടെ ഉച്ചത്തിലുള്ള കാറലുകളാണ്

-എന്റമ്മോ, എന്തോരമറലും എന്തൊരു മാന്തിക്കീറലും,

മുറിവേറ്റ മൃഗങ്ങളുടെ

കരച്ചില്‍ ,

രക്തം ,മൂത്രം...

ഞാന്‍ ഫുള്‍വെള്ളത്തിലായിരുന്നു,

ട്രൌസര്‍ മാത്രമാണിട്ടിട്ടുള്ളത്. .

ഞാനൊന്നെടക്ക് കേറി

വേര്‍പെടുത്താന്‍ നോക്കി

നിലത്ത് വീണു , മുട്ടുളുക്കി .

പിന്നെയവറ്റ മറവാതിലും

കടന്നു നടവഴിയിലേക്കും

പിന്നെ തെരുവിലുമെത്തി.

നിറച്ചു പോലീസുകാരുമായി

പോലീസ്‌വണ്ടിയെത്തി .മോളില്‍

പോലിസ്‌ ഹെലികോപ്ടര്‍ വട്ടം ചുറ്റി.

ഞാന്‍ കുളിമുറിയില്‍

കണ്ണാടിയില്‍ നോക്കി പല്ലിളിച്ചു :


അന്‍പത്തഞ്ചാം വയസ്സില്‍ ഇത്ര

മനോഹരമായ സംഭവങ്ങള്‍

നടക്കുന്നത്

സര്‍വ സാധാരണ മല്ല.

വാട്ട്സ് കലാപത്തിനേക്കാള്‍ കേമം!

മുപ്പത്തിനാല് വയസ്സുകാരി

തിരിച്ചുള്ളില്‍ വന്നു.

അവളുടെ മേലാകെ

മൂത്രം,വസ്ത്രങ്ങളൊക്കെ

കീറിപ്പറിഞ്ഞ്.കൂടെ

രണ്ടു പോലീസുകാരും.അവര്‍ക്ക്

എന്താണ് നടന്നതെന്നറിയണം .

ട്രൌസറൊന്ന് വലിച്ചു കേറ്റി

ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു .

[ചാള്‍സ് ബുകൊവ്സ്കി [1920-1994] ജര്‍മന്‍വംശജനായ അമേരിക്കന്‍ കവിയും നോവലിസ്റ്റും ]


·