Tuesday, January 4, 2011

എന്റെ ഫേസ് ബുക്ക്‌ അനുഭവങ്ങള്‍

യഥാര്‍ത്ഥജീവിതത്തിലെയും virtual ജീവിതത്തിലെയും എന്റെ സുഹൃത്തുക്കള്‍ എഴുതിയ ഫേസ് ബുക്ക്‌ അനുഭവക്കുറിപ്പുകള്‍[ലക്കം 41] പ്രസക്തങ്ങളായി. ഞാന്‍ ഫേസ് ബുക്കിലെ ഒരു ഹ്രസ്വസമയസന്ദര്‍ശകനാണ്.ഗൗരവകരമായ വായനയും എഴുത്തും ഒഴിവാക്കാന്‍ മനസ്സ് ഉപയോഗിക്കുന്ന നിരവധി തന്ത്രങ്ങളില്‍ ഒന്നെന്ന നിലയിലാ­­­ണ് ഫേസ് ബുക്കില്‍ വന്നു പെടുന്നത്. ആദ്യമാദ്യം സാര്‍ഥകമാണെന്ന് തോന്നിച്ചിരുന്ന ഫേസ് ബുക്ക്‌ സമ്പര്‍ക്കം ഇപ്പോഴിപ്പോള്‍ കുറച്ചു മടുപ്പ് നല്‍കുന്നു. അപ്രശസ്തരെങ്കിലും ഉള്‍ക്കാഴ്ചയുള്ള നിരവധിപേരുമായുള്ള ഊഷ്മളമായ സൌഹൃദം, പൊതുജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായ,പലപ്പോഴും പ്രവാസി ജീവിതത്തിന്റെ കഠിനതകളില്‍ നിന്ന് ഉരുത്തിരിയുന്ന ,ഒന്നാംതരം ഫലിതങ്ങള്‍ ,Deisie Puge എന്ന ബ്രസീലിയന്‍ ഡോക്ടര്‍ പോസ്റ്റ്‌ ചെയ്യുന്ന വിശ്വോത്തരമായ കവിതകളും[സ്വന്തം കവിതകളും] ,പെയിന്റിംഗ്കളും ,സംഗീതവും,ഫോട്ടോഗ്രാഫുകളും,നിരവധി പേര്‍ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന എല്ലാത്തരത്തിലും ഉള്ള ഇന്ത്യന്‍ സംഗീതം , വി.രവികുമാറിന്റെയും ചുള്ളിക്കാടിന്റെയും മനോഹരമായ തര്‍ജമകള്‍ ,ഒരു virtual നിയമസഭ പോലെ കമ്മ്യൂണിസ്ട് –കോണ്‍ഗ്രസ്‌ അനുഭാവികള്‍ക്കു തിമര്‍ത്ത്‌ ആടാന്‍ അവസരം കൊടുക്കുന്ന മേരി ലില്ലിയുടെ ദൈനംദിന രാഷ്ട്രീയത്തെക്കുറിച്ചുള്ള കുറിപ്പുകള്‍-ഇവയൊക്കെ ഇന്നും ഫേസ് ബുക്കില്‍ പോകാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ആണ്. ഏറ്റവും മടുപ്പിക്കുന്ന അംശം വളരെ പ്രാധാന്യമുള്ളതും ഏതെങ്കിലും ഒരു പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന രാഷ്ട്രീയ-സാംസ്കാരിക പ്രശ്നപരിസരങ്ങളില്‍ നിന്ന് ഫേസ് ബുക്കിലെ നമ്മുടെ പ്രശസ്തരും അവഗാഹമുള്ളവരും നടത്തുന്ന ഒളിച്ചോട്ടമാണ്. പൊതുജീവിതത്തില്‍ കാണിക്കുന്ന അതേ നിലപാടില്ലായ്മയും ‘വിവേചനബുദ്ധി’യോട് കൂടിയ മറവിരോഗവും തന്നെ. ഉദാഹരണത്തിന്, ഭരിക്കുന്ന കക്ഷിയുടെ അതിക്രമങ്ങളെക്കുറിച്ചോ, തീവ്രവാദി പദ്ധതിയെ കുറിച്ചോ ചര്‍ച്ചകള്‍ വന്നാല്‍ അന്യഥാ എപ്പോഴും സന്നിഹിതരായ പ്രശസ്തര്‍ പലായനം ചെയ്യുന്നത് കാണാം; ഒന്നും നഷ്ടപെടാനില്ലാത്ത അപ്രശസ്തരാണ് അത്തരം ചര്‍ച്ചകള്‍ സജീവമാക്കാറുള്ളത്. ഫേസ് ബുക്കില്‍ ഉള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ,അധികാരവും വിപണി മൂല്യവും ഉള്ള പാര്‍ട്ടികളെയും എഴുത്തുകാരെയും പിണക്കാതെ നിര്‍ത്താന്‍ ആദ്യം പറഞ്ഞവര്‍ കാണിക്കുന്ന മെയ്‌വഴക്കം ഏതു സര്‍ക്കസ്‌ കലാകാരനും അനുകരിക്കാവുന്നതാണ്. ഒ.കെ.സുദേഷ്, മായ മേനോന്‍ ,കാലിക്കോ കാലിക്കോസെന്‍ട്രിക് , ഗീഥ ഫയദോര്‍,രാംമോഹന്‍ പാലിയത്ത് ,സാബു ഷണ്മുഖം എന്നിങ്ങനെ ചില സുഹൃത്തുക്കള്‍ ഒഴിച്ചാല്‍ ഈ പുതിയ മാധ്യമത്തിന്റെ ജനാധിപത്യ സാധ്യതകള്‍ ഉപയോഗിക്കുന്നവര്‍ കുറവാണെന്ന് പറയാം.

-സി.ആര്‍.പരമേശ്വരന്‍


1 comment:

Deepa Praveen said...

I agree agree with you. We are living a compartmentalized life. We dont want to involve in things. As a train traveler we want to "discuss things" with fellow travelers, we don't want to get involved. We very wel know what to say and what not to say. Why we are discussing things in an online forum??? To make a change?? I doubt it. We want to omit ( better word is copy paste) information's ( knowledge will be a wrong term if i use it) we knew. Exhibit it. Make sure others heard it. Get another another new contact that is it. I admit i am also a culprit. Any way nice thought. Congrats.